ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്സിന് ക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും പ്രധാനമന്ത്രി യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിമാരുമായുളള യോഗം കഴിഞ്ഞശേഷം പന്ത്രണ്ട് മണിയ്ക്ക് ഓക്സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളേയും പ്രധാനമന്ത്രി കാണുന്നുണ്ട്.
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നോ നാളെയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും സൂചനയുണ്ട്.അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ ഉളളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഓക്സിജന്‍ വിതരണം, വാക്സിന് നയം, മരുന്നുകളുടെ വിതരണം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുളള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയാ കേസെടുത്തത്.
