രാജ്ഭവന്‍ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി

Kerala

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ നടത്തിയ രാജ്ഭവന്‍ വാര്‍ത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ -ഗവര്‍ണര്‍ ആശയവിനിമയത്തിന് നിയതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം. അതിനുപകരം ഗവര്‍ണര്‍ പരസ്യനിലപാടെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസിനെയാണ് ഗവര്‍ണര്‍ പുകഴ്ത്തിയത്.കേന്ദ്ര ഏജന്‍റിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ അനന്തമായി പിടിച്ചുവയ്ക്കുകയാണ്.ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കില്ലെന്നാണ് ഗവര്‍ണറുടെ സമീപനം. പ്രതിപക്ഷത്തിനും ജനത്തിനും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. നിയമസഭ പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ എന്തുചെയ്യണമെന്ന് ഭരണഘടന പറയുന്നുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തിന്‍റെ ചുമതല നിര്‍വഹിക്കുന്നത് ശരിയല്ല. നിയമസഭയാണ് ബില്ലുകള്‍ പാസാക്കുന്നത്. ബില്ലിലെ എല്ലാ വശങ്ങളും പരിശോധിച്ച് വോട്ടിനിട്ടാണ് സഭ പാസാക്കുന്നത്.ജനവിധിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ചില ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്നു പറയുന്നത് ശരിയാണോ.മന്ത്രിസഭ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധി പറഞ്ഞിരുന്നു. സര്‍ക്കാരിയ കമ്മീഷനും ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആള്‍ ആകണമെന്നു പറയുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ചട്ടപ്രകാരമാണ്. പുനര്‍ നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *