ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ മുരുകന് ഇന്ത്യ വിടാം. മുരുകന് ശ്രീലങ്കയിലേക്ക് പോകാനുള്ള പാസ്പോര്‍ട്ട് അനുവദിച്ചു. ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ താത്കാലിക യാത്രാരേഖ അനുവദിച്ച വിവരം തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.യാത്രാരേഖ സംബന്ധിച്ച് ഹൈക്കമ്മീഷന്‍ പൊതുവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നതായി ജസ്റ്റിസുമാരായ ആര്‍ സുരേഷ് കുമാര്‍, കെ കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മുനിയപ്പരാജ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസറാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട്ടിലേക്ക് മടങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണെന്നും കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പുനരധിവാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. ഹൈക്കമ്മീഷന്‍ തന്നെ യാത്രാരേഖ നല്‍കിയതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ പി പുഗലേന്തിയോട് ബെഞ്ച് പറഞ്ഞു.രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു മൂന്നു പേരും. യുകെയിലുള്ള മകള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കണം എന്നു കാണിച്ച് മുരുകന്‍റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.