തൃശൂര്‍ : രണ്ടുവര്‍ഷത്തിനകം കേരളം അതിദരിദ്രരില്ലാത്ത നാടായി മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ രണ്ടാം ദിവസം വിവിധ സ്വീകരണങ്ങളില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയില്‍ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. കേവലം 0.7 ശതമാനം മാത്രമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 42, 48, 52 ശതമാനം എന്നിങ്ങനെയാണ് ദരിദ്രരുടെ കണക്ക്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൃത്യതയോടെയുള്ള ഇടപെടലിന്‍റെ ഭാഗമായി ദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്. നിലവിലുള്ള ദരിദ്രരെ കേരള സര്‍ക്കാര്‍ ദത്തെടുത്തുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണന തുടരുമ്പോഴാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നത്. കേരളത്തിന് കേന്ദ്രം അനുവദിക്കേണ്ട 40,000 കോടി രൂപയാണ് നല്‍കാതിരിക്കുന്നത്. നാടിന്‍റെ മുന്നേറ്റത്തിനായി സംസ്ഥാന സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടത്തുമ്ബോള്‍, അതിനെയെല്ലാം ഇല്ലാതാക്കുകയാണ് കേന്ദ്രം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള നാഷണല്‍ഹൈവേ നിര്‍മാണം നടക്കുന്നതുതന്നെ സംസ്ഥാന സര്‍ക്കാര്‍ 6500 കോടിരൂപ കേന്ദ്രത്തില്‍ കെട്ടിവച്ചതിനെത്തുടര്‍ന്നാണ്. 2024ല്‍ ഈ ആറുവരിപ്പാത യാഥാര്‍ഥ്യമാകും. ഇതോടെ, 3.54 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ട് എത്താനാകും.
2024ല്‍ കേന്ദ്രത്തില്‍നിന്ന് ബിജെപി സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍, ഇപ്പോള്‍ തടഞ്ഞുവച്ച കെ റെയിലിനും അംഗീകാരം ലഭിക്കും. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളിലും കേരളം മുന്നേറ്റം തുടരുകയാണ്. ഈ മേഖലകളിലെ മുന്നേറ്റത്തോടൊപ്പം, സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ എണ്ണവും കുത്തനെ കുറയുകയാണ്. തൊഴിലധിഷ്ഠിത പഠനവും വ്യവസായവകുപ്പിന്‍റെ സംരംഭങ്ങളും പ്രാവര്‍ത്തികമാകുന്നതോടെ, നാട്ടിലെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതോടെ, ലോകത്തുതന്നെ തൊഴില്‍രഹിതരില്ലാത്ത നാടായി കേരളം മാറും.
കേരളത്തില്‍ മാധ്യമങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്‍റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മാധ്യമങ്ങള്‍ ഓരോദിവസവും പടച്ചുവിടുന്ന വാര്‍ത്തകള്‍ ഏറ്റുപിടിക്കുക മാത്രമാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. ആര്‍എസ്എസിന്‍റെ ഹിന്ദുരാഷ്ട്രം എന്നത് ഹിന്ദുക്കളെ പരിപോഷിപ്പിക്കാനല്ല. അധികാരത്തില്‍ കടിച്ചുതൂങ്ങിയിരുന്ന് എങ്ങനെയും കോര്‍പറേറ്റുകളെ സംരക്ഷിക്കാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.