കുടക്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുട്ടയില്‍ ഒരേ കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കര്‍ണാടക വനംവകുപ്പ് പിടികൂടി.ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കൊലയാളി കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഒരേ കുടുംബത്തിലെ രണ്ടുപേരെ കടുവ കൊന്നത്. ഇതോടെ നാട്ടുകാര്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് 150 അംഗ വനംവകുപ്പ് സംഘമാണ് അന്വേഷണത്തിനിറങ്ങിയത്. 10 വയസുള്ള കടുവയാണ് പിടിയിലായത്. കടുവയെ മൈസൂരുവില്‍ കൂര്‍ഗള്ളിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി കൊണ്ടുപോകും.
ഒരേ കുടുംബാംഗങ്ങളായ ചേതന്‍ (18), രാജു(72) എന്നിവരെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച ചേതനെയും പിതാവ് മധുവിനെയും കടുവ ആക്രമിച്ചു. ചേതന്‍ വൈകാതെ മരിച്ചു. നിസാര പരിക്കേറ്റ മധു രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുവായ രാജു(72)വിനെ തിങ്കളാഴ്ച രാവിലെ കടുവ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ രാജുവും മരിച്ചതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയത്.