കോല്‍ക്കത്ത: ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍റെ അരങ്ങേറ്റ മത്സരത്തില്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
നിശ്ചിത ഓവറില്‍ അഞ്ച് ആറ് വിക്കറ്റ് നഷ്ടത്തില്‍ കോല്‍ക്കത്ത ഉയര്‍ത്തിയ 186 റണ്‍സെന്ന വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മുംബൈ മറികടന്നു. 2008-ല്‍ ബ്രണ്ടന്‍ മക്കല്ലത്തിലൂടെ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടിയ ശേഷം സെഞ്ചുറി വരള്‍ച്ച നേരിട്ട കോല്‍ക്കത്തയ്ക്ക് വെങ്കിടേഷ് അയ്യര്‍(104) ശാപമോക്ഷം സമ്മാനിച്ചെങ്കിലും വിജയം അകന്നുനിന്നു.
ഇഷാന്‍ കിഷന്‍(58), ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവ്(43) എന്നിവരുടെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
രോഹിത് ശര്‍മ(20) വേഗം മടങ്ങിയെങ്കിലും അഞ്ച് വീതം ഫോറുകളും സിക്സും പായിച്ച ഇന്നിംഗ്സിലൂടെ കിഷന്‍ ചേസില്‍ സ്കോര്‍ ഉയര്‍ത്തി. കിഷന്‍ മടങ്ങിയ ശേഷം യാദവ് – തിലക് വര്‍മ(30) സഖ്യം ടീമിനെ വിജയത്തിനടുത്തെത്തിച്ചു. കോല്‍ക്കത്തയ്ക്കായി സുയാഷ് ശര്‍മ രണ്ടും വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, 51 പന്തില്‍ ആറ് ഫോറുകളും ഒമ്പത് സിക്സും നേടിയാണ് അയ്യര്‍ സെഞ്ചുറി തികച്ചത്. 21 റണ്‍സ് നേടിയ ആന്ദ്രേ റസല്‍ ആണ് ടീമിന്‍റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. മറ്റുള്ള ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.
മുബൈയ്ക്കായി ഹൃത്വിക് ഷോക്കീന്‍ രണ്ടും കാമറൂണ്‍ ഗ്രീന്‍, ഡുയാന്‍ ജാന്‍സന്‍, പീയൂഷ് ചൗള, റൈലി മെറിഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛന്‍ – മകന്‍ സഖ്യമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ മത്സരത്തില്‍ തെന്‍ഡുല്‍ക്കര്‍ ജൂണിയര്‍ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.