ചെന്നൈ: ശസ്ത്രക്രിയയ്ക്ക് ശേഷം ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ തുടരുന്ന തമിഴ് സൂപ്പര്‍താരം രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സന്ദര്‍ശിച്ചു.
ആരോഗ്യ മന്ത്രി മാ സുബ്രമണ്യവും ഒപ്പമുണ്ടായിരുന്നു. പത്ത് മിനിട്ടോളം സ്റ്റാലിന്‍ രജനിയോടൊപ്പം ചെലവഴിച്ചു. കൂടുതല് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസ്സം പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രജനി വിധേയമായിരുന്നു.
താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന് ആശുപത്രി വിട്ടേക്കുമെന്നുമാണ് സൂചന.ആരാധകര്‍ തള്ളിക്കയറുന്നത് തടയാനായി ആശുപത്രിക്ക് മുന്‍പില്‍ സുരക്ഷയ്ക്കായി 30 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ആശുപത്രിയില്‍ എത്തുന്നവരെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.