ലഖ്നൗ : യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍.
കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടികളും സ്വീകരിച്ചില്ലെന്നും, ലോകത്തിലെ തന്നെ ഏറ്റവും മോശം കൊവിഡ് മാനേജ്മെന്‍റ് ഉത്തര്‍പ്രദേശിലേതാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്പ്രദേശിന്‍റെ അവസ്ഥ ഖേദകരമാണ്. യോഗി സര്‍ക്കാര്‍ ശ്മശാനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല ആളുകളെ അവിടെയെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു,’ കെജ്രിവാള്‍ പറഞ്ഞു. എന്നാല്, കൊവിഡിന്‍റെ വീഴ്ച മറച്ചുവെക്കാന് പരസ്യങ്ങള്‍ക്കായി കോടികളാണ് യോഗി ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ് യു.എസ് മാഗസിനുകളിള്‍ പത്ത് പേജ് പരസ്യം കൊടുത്തതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കെജ്രിവാള്‍ വിമര്ശനമുന്നയിച്ചു. എന്നാല്‍ മോദിയുടെ പേര് പരാമര്‍ശിക്കാതെ ഒളിയമ്പെയ്യുന്ന രീതിയിലാണ് മോദിക്കെതിരെ കെജ്രിവാള്‍ വിമര്ശനമുന്നയിച്ചത്. ‘മുസ്ലിങ്ങള്‍ ഇവിടെ ഖബര്‍സ്ഥാനുകള്‍ പണിതാല്‍ നമ്മളിവിടെ ശ്മശാനങ്ങളും പണികഴിപ്പിക്കണമെന്നാണ് ബി.ജെ.പിയുടെ ഒരു ഉന്നതനായ നേതാവ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, അക്കാര്യം മാത്രമാണ് യോഗി ഇവിടെ വൃത്തിയായി ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ശ്മശാനം നിര്‍മിക്കുക മാത്രമല്ല, ആളുകളെ അവിടെയെത്തിക്കാനുള്ള നടപടിയും യോഗി ആദിത്യനാഥ് കൃത്യമായിത്തന്നെ ചെയ്തിട്ടുണ്ട്,’ കെജ്രിവാള്‍ പറഞ്ഞു. വരാനിരിക്കുന്ന ഉത്തര്പ്രദേശ് തെരഞ്ഞെടുപ്പില്‍മികച്ച പ്രകടനം കാഴ്ചവെക്കാനുറച്ചാണ് അരവിന്ദ് കെജ്രിവാള്‍ യു.പിയില്‍ കരുക്കല്‍ നീക്കുന്നത്
ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്ട്ടി 403 സീറ്റുകളില്‍ മത്സരിക്കുമെന്ന് കെജ്രിവാള് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാതിമത വോട്ടുകള്‍ ഭിന്നിപ്പിക്കാമെന്നും അതുവഴി യു.പിയിലെ നിര്‍ണായക ശക്തിയാവാന് തങ്ങള്‍ക്ക് കഴിയുമെന്നുമാണ് ആം ആദ്മി പാര്ട്ടിയുടെ കണക്കുകൂട്ടല്‍