ന്യൂഡല്‍ഹി: കേരളത്തെ അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യം.സര്‍വമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്‍പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുകയില്ല. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്. ഇപ്പോള്‍ മറുപടിയില്ലാത്തതിനാല്‍ മോശം പരാമര്‍ശം നടത്തുന്നതാണ് കാണാന്‍ കഴിയുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്.
തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്.ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യുപി മുഖ്യമന്ത്രിക്ക് അറിയില്ല. തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ യു.പി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. വൈദ്യുതി നിരക്ക് ഏറ്റവും കൂടുതല്‍ യുപിയിലാണ്. എല്ലാ രംഗത്തെയും പരിഗണിച്ച് സമഗ്രവികസനം വാഗ്ദാനം ചെയ്താണ് സമാജ്വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അഖിലേഷ് കൂട്ടിചേര്‍ത്തു. യു.പിയെ കേരളവും ബംഗാളും കശ്മീരും പോലെ ആക്കരുതെന്നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിനിന് മുന്നോടിയായ് യോഗി പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നാണ് യോഗിയുടെ മുന്നറിയിപ്പ്.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്‍റെ വാക്കുകള്‍.
