പാരീസ്: ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളാദിമിര്‍ സെലന്‍സ്കിയും.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് സെലന്‍സ്കി ബ്രസല്‍സിലെത്തുക. സെലന്‍സ്കിയുടെ മുന്നറിയിപ്പില്ലാതെയുള്ള യൂറോപ്യന്‍ പര്യടനമാണിത്.റഷ്യ യുക്രെയ്ന്‍ ആക്രമണം തുടങ്ങിയതിനു ശേഷം ഇത് രണ്ടാം തവണയാണ് സെലന്‍സ്കി സ്വന്തം രാജ്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. പാരീസ് സന്ദര്‍ശനത്തിനിടെ മാക്രോണ്‍ സെലന്‍സ്കിക്ക് ഗ്രാന്‍ഡ് ക്രോസ് ഓഫ് ലെജിയന്‍ ഓഫ് ഓണര്‍ സമ്മാനിച്ചു. ഒരു ഫ്രഞ്ച് പ്രസിഡന്‍റ് മറ്റൊരു രാഷ്ട്രത്തലവന് നല്‍കുന്ന ഉയര്‍ന്ന ബഹുമതിയാണിത്. ബുധനാഴ്ച ബ്രിട്ടനിലെത്തിയ സെലന്‍സ്കി ബ്രിട്ടീഷ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്‍റെ രാജ്യത്തു നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്താന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് സെലന്‍സ്കി ലോകനേതാക്കളോട് ആവശ്യപ്പെട്ടു. യുക്രെയ്ന് നല്‍കുന്ന പിന്തുണ തുടരുമെന്ന് മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സും ആവര്‍ത്തിച്ചു. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നില്‍ ആക്രമണം തുടങ്ങിയത്.