തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.സമരക്കാരും പൊലീസും തമ്മില്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ തെരുവുയുദ്ധമാണ് അരങ്ങേറിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
നജീബ് കാന്തപുരം എം.എല്‍.എ, യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഭാരവാഹികളായ പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍, എം.എസ്.എഫ് ഭാരവാഹികളായ പി.കെ. നജാഫ്, അഫ്നാസ് ചോറോട്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഭിന്നശേഷിക്കാരനുമായ കെ.പി.എം. സലീം തുടങ്ങി 35ഓളം പേര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. 28 സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ സമരക്കാരും പൊലീസും തമ്മില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു. നേതാക്കള്‍ മടങ്ങിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിട്ടു. പൊലീസുമായി ഉന്തും തള്ളും തുടങ്ങി.
സമരക്കാര്‍ പൊലീസിന് നേരെ കുപ്പിയും വടിയും വലിച്ചെറിയാന്‍ തുടങ്ങി. പിന്നാലെ കല്ലേറും തുടങ്ങി. ഇതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ണില്‍ കണ്ടവരെ മുഴുവന്‍ പൊലീസ് വളഞ്ഞിട്ടുതല്ലി. സമരക്കാരെ പുളിമൂട് ഭാഗത്തേക്കും പാളയം ഭാഗത്തേക്കും സ്റ്റാച്യൂ -ജനറല്‍ ആശുപത്രി റോഡിലൂടെയും പൊലീസ് വിരട്ടിയോടിച്ചു. സമീപത്തെ കടകളില്‍ കയറിയവരെ പൊലീസ് പിടിച്ചിറക്കി അടിച്ചോടിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. സമരക്കാര്‍ പിരിഞ്ഞുപോകാതെ വന്നതോടെ പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.കണ്ണീര്‍വാതകം ശ്വസിച്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കും തൊട്ടടുത്ത സമരപ്പന്തലില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉള്‍പ്പെടെ ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും നേരിട്ടു. ഇവരില്‍ ചിലരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെയാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. ഇത്രയും സമയം എം.ജി റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.