കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെതിരെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് പൊലീസ് ജലപീരങ്കിയും ഗ്രാനൈഡും പ്രയോഗിച്ചു. കോഴിക്കോട്ടും മലപ്പുറത്തും പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇവിടെയുണ്ടായിരുന്ന ഇടതുപക്ഷ അനുകൂല സംഘടനകളുടെ ബോര്‍ഡുകളും ബാനറുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. പൊലീസിന് നേരെ കല്ലേറ് നടത്തുകയും കമ്പുകള്‍ വലിച്ചെറിയുകയും ചെയ്തു. ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കിയും ഒരു തവണ സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കൊല്ലങ്കല്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ നീക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ ഇടയാക്കി. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മലപ്പുറത്തും തൃശൂരും പത്തനംതിട്ടയിലും നടന്ന മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.