ലഖ്നോ: മാര്‍ച്ച് 25ന് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാകും.ഇതിന്റെ ആഘോഷം വ്യാപകമായി കൊണ്ടാടാന്‍ ഒരുങ്ങുകയാണ് യു.പി. മാര്‍ച്ച് 25 ആകുമ്പോള്‍ തുടര്‍ച്ചയായി ആറ് വര്‍ഷവും ആറ് ദിവസവും മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നതിന്റെ റെക്കോര്‍ഡ് യോഗി സ്വന്തമാക്കും.
നേരത്തെ, 1954 മുതല്‍ 1960 വരെ അഞ്ച് വര്‍ഷവും 345 ദിവസവും കോണ്‍ഗ്രസിലെ ഡോക്ടര്‍ സമ്പൂര്‍ണാനന്ദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടര്‍ന്നിരുന്നു. ഈ റെക്കോഡാണ് യോഗി തകര്‍ക്കുന്നത്. യോഗി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരി, സംസ്ഥാന ജനറല്‍ സെക്രട്ടറി (സംഘടന) ധരംപാല്‍ സിംഗ് തുടങ്ങിയവര്‍ ലഖ്നോവില്‍ വാര്‍ത്താസമ്മേളനം നടത്തി ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പാര്‍ട്ടി ഭാരവാഹികളും പങ്കെടുക്കും.തന്റെ സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ നേട്ടങ്ങളും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങളും മുഖ്യമന്ത്രി അവതരിപ്പിക്കും. മെച്ചപ്പെട്ട ക്രമസമാധാന പാലനം മൂലം സംസ്ഥാനത്ത് രൂപപ്പെട്ട നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങളെക്കുറിച്ചും യോഗി സംസാരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചുമതലയുള്ള മറ്റ്മന്ത്രിമാര്‍ ജില്ലകളില്‍ സമാനമായ വാര്‍ത്താസമ്മേളനം നടത്തും.
എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഈ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കും. 2022ല്‍ സംസ്ഥാന നിയമസഭയില്‍ 255 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി സംസ്ഥാനത്ത് രണ്ടാം തവണ അധികാരത്തിലെത്തിയത്.
