യു പി കൊലപാതകം: സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജി 24ന് പരിഗണിക്കും

Top News

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാത്തലവനായ രാഷ്ട്രീയ നേതാവ് അതീഖ് അഹമ്മദിന്‍റേയും സഹോദരന്‍ അഷ്റഫിന്‍റെയും കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. പോലീസ് കസ്റ്റഡിയില്‍ ആയിരിക്കേയാണ് ഇരുവരും മറ്റൊരു ഗുണ്ടാ സംഘത്തിന്‍റെ വെടിയേറ്റു മരിച്ചത്. കൊലപാതകങ്ങളില്‍ സ്വതന്ത്രമായ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം.
2017 മുതല്‍ 183 ഏറ്റുമുട്ടലുകള്‍ നടന്നുവെന്ന ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ഡിജിപിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ചെയര്‍മാനായ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണം. നിയമവാഴ്ചയുടെ സംരക്ഷണത്തിന് മാര്‍ഗരേഖ കൊണ്ടുവരണം. അതിഖിന്‍റെയും അഷ്റഫിന്‍റെയും പോലീസ് കസ്റ്റഡിയിലുള്ള മരണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. നിയമവാഴ്ച തകരുകയും സംസ്ഥാനം പോലീസ് രാജിലേക്ക് പോവുകയും ചെയ്യും. ഇത്തരം കൊലപാതകങ്ങള്‍ നീതിരഹിതമായവയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ നീതി നടപ്പാക്കേണ്ടുന്ന രീതി അന്തിമമായി തീരുമാനിക്കേണ്ടതോ ശിക്ഷിക്കാനുള്ള അധികാര കേന്ദ്രമോ പോലീസ് അല്ല. ശിക്ഷ വിധിക്കാനുള്ള അധികാരം നീതിന്യായ കോടതിയില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ക്രിമിനല്‍ കേസുകളില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇരുവരേയും ശനിയാഴ്ച പ്രയാഗ് രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു മൂന്നംഗ സംഘം വെടിവച്ച് വീഴ്ത്തിയത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പോലീസിനെ പിന്തുടര്‍ന്ന സംഘമാണ് ആക്രമണം നടത്തിയത്.
ഈ മാസം 13ന് ഝാന്‍സിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അതീഖ് അഹമ്മദിന്‍റെ മൂന്നാമത്തെ മകന്‍ ആസാദ് കൊലപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ഗുലാം എന്ന ക്രിമിനലും കൊല്ലപ്പെട്ടിരുന്നു.
യോഗി ആദിത്യനാഥിന്‍റെ ആറു വര്‍ഷത്തെ ഭരണത്തിനിടെ 183 ക്രിമിനിലുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് യു.പി പോലീസ് അവകാശപ്പെട്ടിരുന്നു. അതിഖിന്‍റെയും അഷ്റഫിന്‍റെയും കൊലയാളികളെയും പിടികൂടിയിരുന്നു. ലൗലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരാണ് പ്രതികള്‍. 14 ദിവസം റിമാന്‍ഡ് ചെയ്ത ഇവരെ നയ്നി ജയിലിലാണ് ആദ്യം പാര്‍പ്പിച്ചിരുന്നത്. സുരക്ഷാ കാരണത്താല്‍ തിങ്കളാഴ്ച ഇവരെ പ്രതാപ്ഘട്ടിലെ ജയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *