ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് എസ്മ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേഷ് കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പറേഷനുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. വിലക്ക് ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
മേയില്‍ യു.പി സര്‍ക്കാര്‍ സംസ്ഥാനത്ത് എസ്മ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അന്ന് സമരങ്ങളും പണിമുടക്കുകളും നിരോധിച്ചുകൊണ്ടുള്ള നടപടി. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്മ നിയമം സര്‍ക്കാറിന് അധികാരം നല്‍കും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം ലഭിക്കും. ഒരുവര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.