തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യു.ഡി.എഫ് സമരത്തിലേക്ക്. അടുത്ത മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. സോളാറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സി.ബി.ഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യു.ഡി.എഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യു.ഡിഎ.ഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വ്യക്തമാക്കി.
സോളാറിലെ സി.ബി.ഐ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും സി.ബി.ഐ അന്വേഷണത്തില്‍ നടപടി മതിയെന്നും ഹസന്‍ പറഞ്ഞു. ഇനി തുടരന്വേഷണം ആവശ്യമില്ല. സി.ബി.ഐയേക്കാള്‍ വലിയ അന്വേഷണ ഏജന്‍സി വേറെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ പീഡനക്കേസില്‍ കുറ്റകരമായ ഗൂഢാലോചന തെളിഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളികളാണ്. സി.ബി.ഐ കണ്ടെത്തലില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനി ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ല. അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കത്ത് നല്‍കില്ല. എന്നാല്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കും. ഒക്ടോബര്‍ 18 ന് സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ 50000 പേര്‍ പങ്കെടുക്കും. പഞ്ചായത്ത് തലത്തില്‍ പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും എം.എം ഹസന്‍ പറഞ്ഞു.