സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം പിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തേണ്ടവര്‍ അത് ചെയ്യുന്നില്ല. എം പിമാരുടെ യോഗം ചേര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിയെ കണ്ട് സംസാരിച്ച് നിവേദനം നല്‍കാന്‍ പറഞ്ഞു. ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിവേദനത്തില്‍ ഒപ്പിടാന്‍ പോലും തയ്യാറായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളത്തെ അപകീര്‍ത്തി പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും മാത്രമാണ് എംപിമാരടക്കമുള്ളവര്‍ ഇത്ര കാലവും ശ്രമിച്ചത്.
ബത്തേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ നവകേരള സദസ്സില്‍ പങ്കെടുക്കാതിരുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബത്തേരി എംഎല്‍എ നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് പ്രശ്നങ്ങള്‍ അവതരിപ്പിക്കാമായിരുന്നല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.വയനാട്ടിലേയ്ക്കുള്ള തുരങ്കപാതയുടെ നടപടികള്‍ തുടരുന്നു. കൊങ്കണ്‍ റെയില്‍വേയെ ചുമതല ഏല്‍പ്പിച്ചു. വനം വകുപ്പിന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞുവെന്നും രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.