ലണ്ടന്‍: യു.കെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.2024 ഡിസംബര്‍ 17 വരെ മന്ത്രിസഭക്ക് കാലാവധിയുള്ളപ്പോഴാണ് സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി താന്‍ അഞ്ചാമതും അധികാരത്തിലെത്തുമെന്ന് സുനക് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പിലും ലേബര്‍ പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് ഋഷി സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.യു.കെയിലെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. പണപ്പെരുപ്പത്തിന്‍റെ കണക്കുകള്‍ മുന്‍നിര്‍ത്തി യു.കെ സമ്പദ്വ്യവസ്ഥ കരകയറുകയാണെന്ന് പ്രചാരണം സുനക് നടത്തുമെന്നാണ് സൂചന.
ഈ വര്‍ഷമാദ്യം സാമ്പത്തികമാന്ദ്യത്തില്‍ നിന്നും യു.കെ കരകയറിയിരുന്നു. ഇപ്പോള്‍ യു.കെയിലെ പണപ്പെരുപ്പവും മെച്ചപ്പെട്ടിരിക്കുകയാണ്. താന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നയങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ടെന്ന് സുനക് പറഞ്ഞു. അതേസമയം, നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ചില കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.