അബുദബി: യു.എ.ഇയില്‍ പുതുവര്‍ഷത്തില്‍ പകുതിയിലധികം കമ്പനികളും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്ന പേരില്‍ കൂപ്പര്‍ ഫിച്ച് പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വ്വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികള്‍ 4.5 ശതമാനം വരെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒമ്പത് ശതമാനം കമ്പനികള്‍ അഞ്ചു ശതമാനം വരെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ പത്തിലൊരു ശതമാനം കമ്പനികള്‍ ആറു മുതല്‍ ഒമ്പതു ശതമാനം വരെ ശമ്പള വര്‍ദ്ധനവ് നല്‍കിയേക്കും. 20ല്‍ ഒരു ശതമാനം കമ്പനികള്‍ 10 ശതമാനത്തിലധികം ശമ്പളം വര്‍ധിപ്പിക്കുമെന്ന സൂചനയും സര്‍വ്വേ ഫലം പങ്കുവെക്കുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍. അതേസമയം ഒരു വിഭാഗം സ്ഥാപനങ്ങള്‍ 2024ല്‍ ശമ്പളം കുറച്ചേക്കുമെന്ന സൂചനയും സര്‍വേ നല്‍കുന്നുണ്ട്. കാല്‍ ശതമാനത്തിലധികം വരുന്ന കമ്പനികള്‍ വരുംവര്‍ഷത്തില്‍ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് ഒരുവിധ ആലോചനയും നടത്തിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.