അബുദാബി: യു എ ഇയില്‍ അടുത്ത ഒരു മാസത്തേക്ക് ഡ്രോണ്‍ ഉപയോഗത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യക്കാരുടെയും ഒരു പാകിസ്ഥാന് പൗരന്റെയും മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു എ ഇ സര്‍ക്കാരിന്റെ തീരുമാനം.
ഡ്രോണുകളുടെ ഉപയോഗം അടുത്ത ഒരു മാസത്തേക്ക് അടിയന്തര പ്രാബല്യത്തോടെ നിരോധിക്കുകയാണെന്നും ആരെങ്കിലും ഈ കാലയളവില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും യു എ ഇയുടെ ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
അബുദാബിയില്‍ നടന്ന സ്ഫോടനത്തെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും അടുത്തിടെയായി ഡ്രോണുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി എടുത്ത ശേഷം വേണമെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമന്‍ തീവ്രവാദികള്‍ അബുദാബിയിലെ എണ്ണപ്പാടത്തും വിമാനത്താവളത്തിലും ഡ്രോണ്‍ ആക്രമണം നടത്തിയത്. യെമന്‍ തീവ്രവാദികള്‍ സൗദി അറേബ്യയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് യു എ ഇയില്‍ ഇവരുടെ ആക്രമണം ഉണ്ടാകുന്നത്.