വാഷിങ്ടണ്‍: തെക്കന്‍ യു.എസിലും കിഴക്കന്‍ യു.എസിലും ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരണം 21 ആയി. 12 ഓളം പേര്‍ക്ക് പരിക്കേറ്റു.ടെന്നെസിയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ ദുരന്തം വിതച്ചത്. ഇവിടെ ഏഴുപേര്‍ മരിച്ചതായി എമര്‍ജന്‍സി മാനേജ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് വാക്താവ് അറിയിച്ചു. 14 മരണങ്ങള്‍ അര്‍ക്കന്‍സാസ്, മിസിസിപ്പി, അലബാമ, ഇന്ത്യാന, ഇല്ലിനോയിസ് എന്നിവിടങ്ങളിലായും രേഖപ്പെടുത്തി.അര്‍ക്കന്‍സാസില്‍ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു മരണങ്ങളാണുണ്ടായത്. അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലും സമീപ പട്ടണങ്ങളിലുമായാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്.
വീടുകളുടെതുള്‍പ്പെടെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. വാഹനങ്ങള്‍ മറിയുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. വൈദ്യുത ലൈനുകള്‍ അറ്റുവീണും നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ കാലാവസ്ഥ സര്‍വീസ് നിരവധി സംസ്ഥാനങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.