യു എന്‍ ആസ്ഥാനത്ത് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ആയുധധാരി പിടിയില്‍

Top News

ന്യൂയോര്‍ക്ക് : ആയുധധാരിയെന്ന് സംശയിക്കുന്നയാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മണിക്കൂറുകളോളം അടച്ചിട്ടു.യു എന്‍ ആസ്ഥാനത്തിന്‍റെ പ്രധാന ഗേറ്റിന് മുന്നിലാണ് ആയുധധാരിയെ സുരക്ഷാ സേന നേരിട്ടത്.
മാന്‍ഹട്ടനിലെ ഫസ്റ്റ് അവന്യൂവിലെ സെക്യൂരിറ്റി ചെക്ക്പോസ്റ്റിന് പുറത്ത് ഉദ്ദേശം അറുപത് വയസ് പ്രായം വരുന്നയാളാണ് വ്യാഴാഴ്ച സുരക്ഷാ ഭീഷണി ഉയര്‍ത്തിയത്. തോക്ക് പോലുള്ള വസ്തു സ്വയം കഴുത്തിലേക്ക് ചൂണ്ടിയാണ് ഇയാള്‍ നിന്നത്. മൂന്ന് മണിക്കൂറോളം എടുത്താണ് സുരക്ഷാ സേനയ്ക്ക് ഇയാളെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യാനായത്. സുരക്ഷാ ഭീഷണി ഉയര്‍ന്നയുടന്‍ യുഎന്‍ സമുച്ചയത്തിലേക്കുള്ള ഗേറ്റുകളെല്ലാം അടച്ചിട്ടു.
എന്നാല്‍ ആയുധധാരി ഗേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് മറ്റ് പ്രവേശന കവാടങ്ങളിലൂടെ ആളുകളെ ഓഫീസില്‍ വരാന്‍ അനുവദിച്ചു. പൊതുജനങ്ങള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും വ്യാഴാഴ്ച ചേര്‍ന്നിരുന്നു. ഇത് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. പ്രധാന ഗേറ്റിന് മുന്നില്‍ ഏറെ നേരമായി അജ്ഞാതനായ വ്യക്തി നില്‍ക്കുന്നത് കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഭീഷണി ഉയര്‍ത്തിയ വ്യക്തി യു എന്നിലെ ജീവനക്കാരനല്ലെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *