തിരുപ്പതി: തിരുപ്പതിയില്‍ സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ സിംഹക്കൂടുള്ള മേഖലയില്‍ കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (34) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.മൃഗശാലയില്‍ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്. പ്രഹ്ലാദ് സെല്‍ഫിയെടുക്കാനായി ഈ വേലി കടന്ന് സിംഹങ്ങളെ പാര്‍പ്പിച്ച മേഖലയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രഹ്ലാദ് അകത്ത് കടന്നതും കൂട്ടിനകത്തെ ആണ്‍ സിംഹം ആക്രമിച്ചു. കഴുത്തിനാണ് കടിയേറ്റത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ഇയാള്‍ അടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയെങ്കിലും സിംഹം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. 100 മീറ്ററോളം സിംഹം ഇയാളെ വലിച്ചിഴച്ചു. സംഭവത്തെ തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു.