കൊച്ചി: കാക്കനാട് തുതിയൂര്‍ സ്വദേശിയെ എറണാകുളം കസബ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.എറണാകുളം സെന്‍ട്രല്‍ എ.സി.പിയാണ് അന്വേഷിക്കുക. തൃക്കാക്കര എം.എല്‍.എ ഉമ തോമസ് നല്‍കിയ പരാതിയിലാണ് സിറ്റി പൊലീസ് കമീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാക്കനാട് തുതിയൂര്‍ സ്വദേശിയായ റെനീഷ് എന്ന യുവാവിനെ എറണാകുളം കസബ പൊലീസ് മര്‍ദിച്ചതായാണ് പരാതി. ഇദ്ദേഹം കാക്കനാട് സഹകരണ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നല്‍കുന്ന കമ്പനിയിലെ ജീവനക്കാരായ റെനീഷും സുഹൃത്തും തൊഴിലാളികളെ അന്വേഷിച്ച് നോര്‍ത്ത് പാലത്തിന് സമീപമെത്തുകയായിരുന്നു. കടുത്ത വെയിലായതിനാല്‍ പാലത്തിനടിയില്‍ വിശ്രമിക്കവെ യൂനിഫോമിലും മഫ്തിയിലുമെത്തിയ കസബ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും കാര്യം തിരക്കിയപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്റ്റാറുള്ള ഉദ്യോഗസ്ഥന്‍ ലാത്തി കൊണ്ട് അടിച്ചെന്നുമാണ് റെനീഷ് പറയുന്നു.
അതിനെ എതിര്‍ത്തപ്പോള്‍ നാലുവട്ടം മുഖത്തടിച്ച്. പിന്നീട് ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. അടികിട്ടിയതിന് പിന്നാലെ ഛര്‍ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. ഇതോടെ പൊലീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയെന്നും യുവാവ് പറഞ്ഞു.വിവരമറിഞ്ഞ് കമ്പനിയിലെ മാനേജര്‍ എത്തിയാണ് യുവാവിനെ ജാമ്യത്തിലിറക്കിയത്. കേസുകളൊന്നുമില്ലെന്നും സംശയത്തിന്‍റെ പേരിലാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞതായും യുവാവ് പറയുന്നു.