തിരുവനന്തപുരം: പൂന്തുറയില്‍ യുവതിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അയല്‍വാസിയായ സുധീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാംപ്രതി നൗഷാദിനായി തിരച്ചില്‍ തുടരുകയാണ്. പൂന്തുറ സ്വദേശി ആമിനയ്ക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. യുവതിയെ വീട്ടില്‍ കയറി മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. ആമിന തന്‍റെ വീടിന്‍റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഈ യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയല്‍വാസികളും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്.ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. മതിലിനോട് ചേര്‍ത്ത് തല ഇടിക്കുന്നതും വീഡിയോയില്‍ കാണാം. തടയാന്‍ ശ്രമിച്ചവരെ ഇവര്‍ തട്ടിമാറ്റുന്നുണ്ട്. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.