. നവവധുവിന് ക്രൂരമര്‍ദ്ദനം
. പോലീസിന് വീഴ്ച പറ്റിയതായി വി.ഡി.സതീശന്‍
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിതനിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നവവധു രംഗത്തെത്തിയിരുന്നു. ഭാര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നും യുവതി വെളിപ്പെടുത്തി. മുഷ്ടി ചുരുട്ടി ഇടിച്ചു കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുലിന്‍റെ അമ്മയും സ്ത്രീധനത്തിന്‍റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്‍റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നും യുവതി ആരോപിച്ചു.
പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ് ഐ ആറില്‍ പറയുന്നില്ലന്നും യുവതി ആരോപിച്ചു. അതിനിടെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. പരാതിയുമായി ചെന്ന പെണ്‍കുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്. ഇത് കേരളത്തില്‍ ആദ്യത്തെ സംഭവം അല്ലെന്നും സതീശന്‍ ആരോപിച്ചു.