യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു

Kerala

ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷം;

രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: രണ്ട് ദിവസത്തേക്ക് ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഖനൗരിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതാണ് കാരണം.
നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച പ്രതിഷേധം പുനരാരംഭിക്കാനാണ് തീരുമാനം.
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. കൃഷിയിടത്തില്‍ പൊലീസും കര്‍ഷകരും ഏറ്റുമുട്ടി. ഇതിനിടയിലാണ് 24കാരനായ കര്‍ഷകന്‍ മരിച്ചത്. ഭട്ടിന്‍ഡ സ്വദേശി ശുഭ്കരണ്‍ സിങ്ങാണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ ഇദ്ദേഹം മരിച്ചിരുന്നു. എന്നാല്‍, മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. സംഘര്‍ഷത്തില്‍ 30 കര്‍ഷകര്‍ക്കും 12 പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കണ്ണീര്‍വാതക ഷെല്ല് തലയില്‍ കൊണ്ടാണ് മരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ബാരിക്കേഡുകള്‍ ഇട്ട് തടയുന്നത് അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ സമാധാനപരമായി മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു.
അതേ സമയം ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയില്‍ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ വിശദമാക്കി. പ്രശ്നങ്ങള്‍ക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. കര്‍ഷകസമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടിയതായും വിവരമുണ്ട്.അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *