ന്യൂഡല്‍ഹി: ലഖിംപുര്‍ അക്രമണത്തില്‍ യുപി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടായില്ലെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. ലഖിംപുരില്‍ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഗരിമ പ്രസാദ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും അതിനു പുറമേ ജുഡീഷല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗരിമ പ്രസാദ് വ്യക്തമാക്കി.എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവം തികച്ചും നിര്‍ഭാഗ്യകരം തന്നെയായാണ് കോടതിക്കും തോന്നുന്നതെന്ന് ചീഫ് ജസ്റ്റീസും പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ വേണ്ടവിധത്തില്‍ അന്വേഷണം നടക്കുകയോ ശരിയായ രീതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ചൂണ്ടിക്കാട്ടി. അന്വേഷണത്തിനുള്ള ജുഡീഷല്‍ കമ്മീഷനായി അലാഹാബാദ് ഹൈക്കോടതിയില്‍ വിരമിച്ച ജഡ്ജിയെ നിയമിച്ചിട്ടുണ്ടെന്നും ഗരിമ പറഞ്ഞു.