. ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ അല്ലെന്ന് ജോ ബൈഡന്‍
. ആശുപത്രിക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് പലസ്തീന്‍
ടെല്‍ അവീവ്: ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ബൈഡന്‍ അപലപിച്ചു. ആക്രമണത്തില്‍ ബൈഡന്‍ ഇസ്രയേലിനെ കുറ്റവിമുക്തരാക്കിയിരിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്.അതേസമയം ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് പലസ്തീന്‍ അധികൃതരുടെ ആരോപണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരുക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന ഇടമാണ് ആക്രമണത്തിന് ഇരയായ ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3300 ആയി. പരുക്കേറ്റവരുടെ എണ്ണം 13000 കടന്നു. ഹമാസ്-ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെടുകയും 1250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 4475 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതെന്നാണ് പലസ്തീന്‍ അധികൃതരുടെ ആരോപണം.
അതിനിടെ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായവും അമേരിക്ക നല്‍കുമെന്നും ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വ്യക്തമാക്കി. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ടീം ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണം ഗാസയ്ക്കുള്ളില്‍ നിന്ന് ഉണ്ടായതാണെന്ന വിശദീകരണവുമായി നേരത്തെ ഇസ്രയേലി സൈനിക വക്താവ് രംഗത്ത് വന്നിരുന്നു. ആശുപത്രിക്ക് സമീപത്തെ സെമിത്തേരിയില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നും ഐഡിഎഫ് വക്താവ് ചൂണ്ടിക്കാണിച്ചു. കേടുപാടുകള്‍ വിശകലനം ചെയ്ത് ഐഡിഎഫിന്‍റെ ഏരിയല്‍ ഫുട്ടേജ് അനലിസ്റ്റ് വ്യക്തതയോടെ ഇത് വിശദീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.