ടെല്‍ അവീവ് : ഗാസയില്‍ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ഉയരുന്നതിനിടെയാണ് ഗാസയില്‍ കരയാക്രമണം വിപുലീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നിര്‍ദേശം. യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു പ്രസ്താവന. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മര്‍ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ഗാസയിലെ ഖാന്‍ യുനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൂടി കൊല്ലപ്പെട്ടു. ഒറ്റരാത്രിയില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കവിഞ്ഞതായാണു റിപ്പോര്‍ട്ട്.
മധ്യ ഗാസയിലെ മഗസി അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.