നവീന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: യുക്രൈനിലെ ഖാര്‍കീവില്‍ റഷ്യന്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഡ്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ഖാര്‍കീവിലെ മെഡികല്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന നവീന്‍റെ മൃതദേഹം ഇന്‍ഡ്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല അറിയിച്ചു. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.’കര്‍ണാടകയിലുള്ള നവീന്‍റെ മാതാപിതാക്കളുമായി സംസാരിച്ചു. സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, കൊല്ലപ്പെട്ട നവീന്‍റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ഖാര്‍കീവിലെ മെഡികല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്’ ശൃംഗ്ല പറഞ്ഞു.
ഖാര്‍കീവ് മെഡികല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ലവീന്‍ ചൊവ്വാഴ്ചയാണ് റഷ്യല്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവശ്യ സാധനങ്ങള്‍ക്കായി വരിനില്‍ക്കവെയാണ് നവീന്‍ കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്.മകന്‍റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ദുഖഃവാര്‍ത്തയെത്തുന്നത്. യുക്രൈനില്‍ നിന്ന് മകന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നവീന്‍റെ പിതാവ് സര്‍കാറിനോട് ആവശ്യപ്പെട്ടിരുന്നു.