യുക്രൈനെ പിന്തുണക്കും, ചൈനയെ എതിര്‍ക്കും; ബൈഡന്‍-സുനക് ആദ്യ ചര്‍ച്ച

Top News

വാഷിങ്ടണ്‍: യുക്രെയ്നെ പിന്തുണക്കാനും ചൈനക്കെതിരെ നിലകൊള്ളാനും തീരുമാനിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കും.ഇരു നേതാക്കളും തമ്മില്‍ നടത്തിയ ആദ്യ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
49 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിന്‍റെ രാജിക്ക് ശേഷം പ്രധാനമന്ത്രിയായി സുനക് തെരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ ചര്‍ച്ചയിലാണ് നേതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ച്ചയായ സാമ്ബത്തിക ഉപരോധങ്ങളിലൂടെ പുടിന്‍റെ പ്രാകൃത ഭരണത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യു.കെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. സ്ഥിരത വര്‍ധിപ്പിക്കുന്നതിനും ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിനുമുള്ള ഓക്കസ് ഉടമ്ബടിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അടുത്ത മാസം ഇന്തോനേഷ്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.
ബ്രെക്സിറ്റിനു ശേഷം വടക്കന്‍ അയര്‍ലണ്ടിലെ ക്രമീകരണങ്ങളെച്ചൊല്ലി സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും തമ്മിലുള്ള ‘പ്രത്യേക ബന്ധം’ ബൈഡനും സുനക്കും സ്ഥിരീകരിച്ചിരിക്കുകയാണ്. കൂടാതെ ആഗോള സുരക്ഷക്കും മറ്റുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ബ്രിട്ടീഷ് നേതൃത്വം കൂടുതല്‍ ശക്തമാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *