കിയവ്: റഷ്യന്‍ സൈന്യം പിടിച്ചെടുത്ത യുക്രെയ്നിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍.അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യന്‍ പ്രസിഡന്‍റ് യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മേയ് മുതല്‍ മരിയുപോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.
ഹെലികോപ്ടറിലാണ് പുടിന്‍ എത്തിയതെന്നും നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലൂടെ പുടിന്‍ കാറില്‍ സഞ്ചരിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടായിരുന്നു സന്ദര്‍ശനമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം.
ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടന്ന നഗരങ്ങളിലൊന്നാണ് റഷ്യയോട് ചേര്‍ന്നുള്ള ഡോണ്‍ട്സ്ക് മേഖലയിലെ മരിയുപോള്‍. 20,000ത്തോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ന്‍ അധികൃതര്‍ പറയുന്നത്. 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നുവെന്നും മൂന്നര ലക്ഷത്തോളം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നുവെന്നുമാണ് കണക്ക്. തകര്‍ന്ന മേഖലയില്‍ റഷ്യ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച പുടിന്‍ ക്രൈമിയ മേഖലയിലും സന്ദര്‍ശനം നടത്തിയിരുന്നു. യുക്രെയ്നില്‍ നിന്ന് ഒമ്പതുവര്‍ഷം മുമ്പ് റഷ്യയോട് കൂട്ടിച്ചേര്‍ത്ത തന്ത്രപ്രധാനമായ തീരനഗരമാണ് ക്രൈമിയ.