യുക്രെയ്ന്‍ ആക്രമണം കനപ്പിച്ച് റഷ്യ; ഖാര്‍കിവില്‍ അഞ്ചു മരണം

Top News

കിയവ്: റഷ്യ ആക്രമണം ശക്തമാക്കിയ യുക്രെയ്നില്‍ ആറു മരണം. തലസ്ഥാനനഗരമായ കിയവ്, ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കിവ്, നിപ്രോപെട്രോവ്സ്ക് മേഖലയിലെ പാവ്ലോഹ്റാഡ് എന്നിവിടങ്ങളിലടക്കം നിരവധി കേന്ദ്രങ്ങളിലാണ് ഒരേ ദിവസം ആക്രമണമുണ്ടായത്.
ഖാര്‍കിവില്‍ സിവിലിയന്‍ താമസകേന്ദ്രത്തില്‍ മിസൈല്‍ പതിച്ച് അഞ്ചു പേര്‍ മരിക്കുകയും 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 അപ്പാര്‍ട്മെന്‍റുകളാണ് ഇവിടെ തകര്‍ന്നത്. ഖാര്‍കിവില്‍ ഒരു പ്രകൃതിവാതക പൈപ്പ് ലൈനും തകര്‍ന്നിട്ടുണ്ട്. വൈദ്യുതിലൈനുകള്‍ വിച്ഛേദിക്കപ്പെട്ടത് മേഖലയില്‍ ആയിരക്കണക്കിനു പേരെ ഇരുട്ടിലാക്കി.
അതേസമയം, ആയുധനിര്‍മാണശാലയാണ് തങ്ങള്‍ ആക്രമിച്ചതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. തലസ്ഥാനനഗരത്തില്‍ നീണ്ട ഇടവേളക്കുശേഷമുണ്ടായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാവ്ലോഹ്റാഡില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റഷ്യയിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുക്രെയ്ന്‍ തൊടുത്ത 56 ഡ്രോണുകളും ഒരു ഹിംറാസ് റോക്കറ്റ് വിക്ഷേപണ സംവിധാനവും തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു.
റഷ്യന്‍ അനുകൂല വിമതര്‍ ഭരിക്കുന്ന ലുഹാന്‍സ്ക് പ്രവിശ്യയില്‍ സ്കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചെങ്കിലും പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു. അതിനിടെ, യുക്രെയ്ന് 120 കോടി ഡോളറിന്‍റെ ആയുധങ്ങള്‍ നല്‍കാനുള്ള കരാറില്‍ നാറ്റോ ഒപ്പുവെച്ചു. വെടിക്കോപ്പുകള്‍, ഷെല്ലുകള്‍ എന്നിവയടക്കമാണ് ഇതുപ്രകാരം യുക്രെയ്ന് എത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *