യുക്രെയ്ന്‍: റഷ്യന്‍ നീക്കം ചെറുക്കമെന്ന് ബ്രിട്ടന്‍

Top News

ലണ്ടന്‍: യുക്രെയ്ന്‍ ഭരണകൂടത്തെ താഴെയിറക്കി റഷ്യന്‍ നിയന്ത്രിത സര്‍ക്കാരുണ്ടാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടന്‍.
യുക്രെയ്ന്‍ മുന്‍ എംപി യെഹ്നി മുറായെവിനെ ഭരണത്തിലെത്തിക്കാണ് റഷ്യയുടെ ശ്രമം. റഷ്യന്‍ അനുകൂല നാഷി പാര്‍ട്ടിയുടെ തലവനാണ് മുറായെവ്. നിലവില്‍ ഈ പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമില്ല.യുക്രെയ്നില്‍ നടക്കുന്ന വിമതനീക്കത്തിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടീഷ് ഇന്‍റലിജന്‍സ് വെളിപ്പെടുത്തി. എന്നാല്‍, അനുകൂല സര്‍ക്കാരിനെ കീവിലെത്തിച്ചാല്‍ അതുകൊണ്ട് റഷ്യക്കുള്ള നേട്ടം എന്താണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
കൃത്യമായ ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ അത് അബദ്ധമായിരിക്കുമെന്നും ബ്രിട്ടന്‍ പറഞ്ഞു. റഷ്യന്‍ നീക്കം ചെറുക്കുമെന്നും ബ്രിട്ടന്‍ വെളിപ്പെടുത്തി.
യുക്രെയ്നിലേക്കുള്ള റഷ്യന്‍ കടന്നു കയറ്റം തടയുന്നതിന്‍റെ ഭാഗമായി ടാങ്ക് വേധ ആയുധങ്ങള്‍ യുക്രെയ്നില്‍ അതിര്‍ത്തിയിലേക്ക് ബ്രിട്ടന്‍ അയച്ചിട്ടുണ്ട്.
യുക്രെയ്ന്‍ പ്രതിസന്ധി നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലന്‍സ് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗുമായി കൂടിക്കാഴ്ച നടത്തിയേക്കും.
യുക്രെയ്നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റം തടയുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളെ ബ്രിട്ടന്‍റെ നേതൃത്വത്തില്‍ ഏകോപിക്കുന്നുണ്ട്. യുക്രെയ്നില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനൊപ്പാണെന്ന് അമേരിക്കയും നിലപാടെടുത്തിട്ടുണ്ട്.
ശനിയാഴ്ച സുരക്ഷാ ഉപദേഷ്ടാക്കള്‍ക്കൊപ്പം വൈറ്റ് ഹൗസിനു പുറത്ത് ക്യാമ്പ് ഡേവിഡില്‍ തങ്ങിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രെയിന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇതിനിടെ, അമേരിക്കയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബാള്‍ട്ടിക്ക് രാജ്യങ്ങളായ എസ്റ്റലോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ യുഎസ് നിര്‍മിതി ടാങ്ക് വേധ മിസൈലുകള്‍ യുക്രെയ്നിലേക്ക് അയച്ചു. റഷ്യന്‍ അധിനിവേശം ചെറുത്ത് യുക്രെയ്നിന്‍റെ പരമാധികാരത്തിനായി നിലകൊള്ളുമെന്ന് ഈ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യുക്രെയിന് പിന്തുണ നല്‍കുന്ന നാറ്റോ സഖ്യത്തിനും മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ട്വിറ്റിലൂടെ നന്ദി അറിയിച്ചു. യുക്രെയ്നിലേക്ക് ആയുധങ്ങള്‍ അയക്കുന്നത് സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂയെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ പതിനായിരത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *