ദോഹ: യുക്രെയ്നില്‍ റഷ്യന്‍ വ്യോമാക്രമണം ആരംഭിച്ചതിനു പിന്നാലെ രാജ്യത്തേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വേസ്.യുക്രെയ്നിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേസ് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു. പുതിയ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. റഷ്യന്‍ വ്യോമാക്രമണം ആരംഭിച്ചതിനു പിന്നാലെ പുലര്‍ച്ചയോടെതന്നെ എയര്‍ട്രാഫിക് സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി യുക്രെയ്ന് സ്റ്റേറ്റ് എയര്‍ ട്രാഫിക് സര്‍വിസ് എന്റര്‍പ്രൈസ് അറിയിച്ചിരുന്നു.മേഖലയില്‍ സംഘര്‍ഷ ഭീഷണി നിലനില്ക്കെതന്നെ തങ്ങളുടെ പൗരന്മാരോട് യുക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.