യുഎന്നില്‍ കാനഡയെ വിമര്‍ശിച്ച് ഇന്ത്യ

Kerala

. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ആകരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

ന്യൂയോര്‍ക്ക്: ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന് യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 75-ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ പരോക്ഷമായ വിമര്‍ശനം നടത്തിയത്.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പോര് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
രാജ്യാന്തരാതിര്‍ത്തികളെ മാനിക്കുന്നത് തെരഞ്ഞെടുക്കപ്പെടുന്ന ചില സാഹചര്യങ്ങളില്‍ മാത്രമാകരുത്. ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള നയതന്ത്ര മര്യാദ പാലിക്കണം. എസ്.ജയശങ്കര്‍ പറഞ്ഞു.യുഎന്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യു.എന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ നയത്തിന്‍റെ കാലത്തുനിന്ന് ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിശ്വ മിത്രം ആയിക്കഴിഞ്ഞു ഇന്ത്യ. ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി എന്ന ഇന്ത്യന്‍ ആശയം നിരവധി രാജ്യങ്ങളുടെ നിലപാടുകളെ മാനിക്കുന്നതാണ്. വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *