അബുദാബി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി.
തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികകല്ലായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാകുന്ന ഘട്ടത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ യുഎഇയുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതല്‍ ദൃഢമാണ്.
ഇന്ന് അബുദാബി ഹിന്ദു ക്ഷേത്രം സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അക്ഷര്‍ധാം മാതൃകയിലുള്ള, മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിര്‍.ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനുള്ള സ്ഥലം യുഎഇ സര്‍ക്കാരാണ് സംഭാവന ചെയ്തത്. ക്ഷേത്രം നിര്‍മ്മിക്കാനുള്ള സഹായങ്ങള്‍ ചെയ്തതിന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. യുഎഇയിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഖത്തര്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 15നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.