ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്(അല്‍ അമല്‍)’ ഓര്‍ബിറ്റര്‍ വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു.എമിറേറ്റ്സ് മാര്‍സ് മിഷന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.
ഏഴു മാസങ്ങള്‍ യാത്ര ചെയ്ത്, 300 മില്ല്യണ്‍ മൈലുകള്‍ താണ്ടിയാണ് ഹോപ്പ് പ്രോബ് ഓര്‍ബിറ്റര്‍ ചൊവ്വയെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്. ഏറെ ആശങ്കയോടെയാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ചൊവ്വാ ദൗത്യം വിജയമായി എന്ന സന്ദേശം ഭൂമിയിലേക്ക് എത്തുന്നതിനായി കാത്തിരുന്നത്. സന്ദേശമെത്താന്‍ ഏതാനും മിനിറ്റുകളെടുത്തു. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് ഹോപ്പിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
200 മില്ല്യണ്‍ ഡോളര്‍ ചിലവിട്ടാണ് ചൊവ്വാ ദൗത്യം രാജ്യം യാഥാര്ഥ്യത്തിലേക്കെത്തിച്ചത്. അറബ് മേഖലയില്‍ നിന്നുമുള്ള ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യം കൂടിയാണ് ‘എമിറേറ്റ്സ് മാര്‍സ് മിഷന്’.
വരും ദിവസങ്ങളില്‍ ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും യാത്രികരെ കൂടാതെയുള്ള രണ്ട് ബഹിരാകാശ വാഹനങ്ങള്‍ ചൊവ്വയിലേക്ക് എത്തിച്ചേരുന്നുണ്ട്. യുഎഇയുടെയും ചൈനയുടെയും അമേരിക്കയുടെയും ബഹിരാകാശ വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഭൂമി വിട്ടത്. ഭൂമിയോടു ചൊവ്വ ഏറ്റവും അടുത്ത് നില്ക്കുന്ന സമയം നോക്കിയായിരുന്നു രാജ്യങ്ങള്‍ തങ്ങളുടെ ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിച്ചത്.