അബുദാബി : റംസാന് മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കുന്നു.യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
540 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് ഖലീഫ ഉത്തരവിട്ടിരിക്കുന്നത്.തടവിലാക്കപ്പെട്ടവരുടെ മോചനം അവര്‍ക്ക് പുതിയ ഒരു ജീവിതം ആരംഭിക്കാനും, കുടുംബത്തിലെ പ്രയാസം ലഘൂകരിക്കാനും അവസരം നല്‍കുമെന്നാണ് യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 659 പേര്‍ക്ക് വിടുതല്‍ ഉത്തരവിറക്കിയ വേളയില്‍ പറഞ്ഞു.പരിശുദ്ധ ദിനങ്ങളില്‍ തടവുകാരുടെ കുടുംബങ്ങളില്‍ സന്തോഷം ഉണ്ടാകുന്നത് ലക്ഷ്യംവെച്ച് 210 തടവുകാരെ മോചിപ്പിക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി.
345 തടവുകാരെ മോചിപ്പിക്കാനാണ് റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിറക്കിയത്. പുണ്യമാസത്തില്‍ പൊതുജീവിതം ആരംഭിക്കാനും കുടുംബങ്ങള്‍ക്ക് ആഹ്ലാദിക്കാനും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.തടവുകാരെ എത്രയും വേഗത്തില്‍ വിട്ടയയ്ക്കാന്‍ റാസല്‍ഖൈമ കിരീടാവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ മേധാവിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സൗദ് നിയമപാലകരോട് ആവശ്യപ്പെട്ടു. 82 തടവുകാരെ മോചിപ്പിക്കുന്നതിന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും ഉത്തരവിറക്കി. മാനുഷിക നീതിയും കരുണയും സഹാനുഭൂതിയും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യം ഏവരിലും എത്തിക്കുവാനുള്ള ഭരണാധികാരികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം ബഹുമാനത്തോടെയാണ് കാണുന്നത്.