ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിയായി മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ.സ്ഥാനാര്‍ഥിത്വം മുന്‍നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച അദ്ദേഹത്തെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആം ആദ്മി പാര്‍ട്ടി, ടി.ആര്‍.എസ് എന്നിവയടക്കം രണ്ടു ഡസനോളം പാര്‍ട്ടികള്‍ പിന്തുണക്കും.എന്‍.സി.പി നേതാവ് ശരദ്പവാറിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗമാണ് 84കാരനായ യശ്വന്ത്സിന്‍ഹയെ പൊതുസ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. നേരത്തേ പരിഗണിച്ച ശരദ്പവാര്‍, ഫാറൂഖ് അബ്ദുല്ല, ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവര്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയെ നിശ്ചയിച്ചത്. തൃണമൂലില്‍നിന്ന് രാജിവെക്കുമെങ്കില്‍ സിന്‍ഹയെ പിന്തുണക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും നിലപാട്.ജനാധിപത്യത്തിനും മതേതരത്വത്തിനും മോദിസര്‍ക്കാര്‍ കൂടുതല്‍ പരിക്കേല്‍പിക്കാതിരിക്കാന്‍ പറ്റിയ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന അഭിലാഷത്തോടെയാണ് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതൃയോഗം വ്യക്തമാക്കി.
പ്രതിപക്ഷത്തിനുകൂടി സ്വീകാര്യനായൊരു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ഭരണകക്ഷിയുടെയും സര്‍ക്കാറിന്‍റെയും ഭാഗത്തുനിന്ന് ഗൗരവപ്പെട്ട ശ്രമങ്ങളൊന്നും ഉണ്ടായില്ല. അതേസമയം, കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനുനേരെ ആയുധമാക്കുകയാണ് സര്‍ക്കാറെന്നും യോഗം കുറ്റപ്പെടുത്തി.പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗത്തിന് മുന്‍കൈയെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്നലത്തെ യോഗത്തിന് എത്തിയില്ല. സ്ഥാനാര്‍ഥി നിര്‍ണയ ശ്രമങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും മറ്റുമായുള്ള നീരസമാണ് കാരണം. അതേസമയം, കോണ്‍ഗ്രസില്‍ നിന്നല്ല, രാഷ്ട്രപതി സ്ഥാനാര്‍ഥി സ്വന്തം ക്യാമ്പില്‍ നിന്നായത് മമതക്ക് സന്തോഷകരം. കോണ്‍ഗ്രസുമായുള്ള പൊരുത്തക്കേടുകള്‍ക്കിടയില്‍ കഴിഞ്ഞ യോഗത്തില്‍നിന്ന് വിട്ടുനിന്ന തെലങ്കാന രാഷ്ട്രസമിതി, ആം ആദ്മി പാര്‍ട്ടി എന്നിവ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ബി.ജെ.പിക്ക് ഒറ്റക്ക് 48 ശതമാനം വോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ജയസാധ്യതയില്ല.
എന്നാല്‍, ശക്തമായ മത്സരവും ഐക്യത്തിന്‍റെ സന്ദേശവുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പൊതുസ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ നേതൃയോഗം പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനായി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. വലിയ ദേശീയ ലക്ഷ്യത്തിനായി പാര്‍ട്ടിയില്‍നിന്നും വിട്ടു നില്‍ക്കേണ്ട സമയമായെന്നും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമായന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.