ദോഹ: ലോക ചാമ്പ്യന്‍ ടീമിന്‍റെ നായകന്‍ ലയണല്‍ മെസ്സി ലോകകപ്പ് വേളയില്‍ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി.ലോകകപ്പ് ഫുട്ബാള്‍ വേളയില്‍ ലയണല്‍ മെസ്സിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ മെസ്സി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്.നവംബര്‍ മൂന്നാം വാരം ഖത്തറിലെത്തിയത് മുതല്‍ ലോകകപ്പ് ജേതാക്കളായി ഡിസംബര്‍ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അര്‍ജന്‍റീന ടീമിന്‍റെ താമസം ഖത്തര്‍ യൂണിവേഴ്സിറ്റിയിലായിരുന്നു. ടീമിന്, വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അര്‍ജന്‍റീനയെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പുനസൃഷ്ടിച്ചായിരുന്നു ഖത്തര്‍ യൂണിവേഴ്സിറ്റി അധികൃതരും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും താരങ്ങള്‍ക്ക് താമസമൊരുക്കിയത്.കളിക്കാരുടെ ചിത്രങ്ങള്‍ പതിച്ചും ചുമരിനും വാതിലുകള്‍ക്കും അര്‍ജന്‍റീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങള്‍ നല്‍കിയും സ്പാനിഷില്‍ സ്വാഗതമോതിയും ഖത്തറിലെ താമസ ഇടം അര്‍ജന്‍റീനയാക്കി മാറ്റി. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചായിരുന്നു അര്‍ജന്‍റീന ലോക കിരീടത്തില്‍ മുത്തമിട്ടത്.