യങ്കൂണ്‍: മ്യാന്മറിലെ സൈനിക അട്ടിമറിക്കെതിരെ, തെരുവില്‍ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊള്ളവെ, സമാധാനത്തിനുള്ള വഴികള്‍ തേടി ആസിയാന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. നിലവിലെ സൈനിക ഭരണകൂടവുമായി ചര്‍ച്ച നടത്താനാണ് നീക്കം. ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്ഡ്, വിയറ്റ്നാം എന്നിവ ഉള്‍പ്പെടുന്ന ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളാണ് മ്യാന്മറില് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ശ്രമം തുടരുന്നത്. അയല്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.ആസിയാന്‍ രാജ്യങ്ങള്‍ മ്യാന്മറിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും ബര്‍മീസ് ജനാധിപത്യത്തിന്റെ ആകെയുള്ള പ്രതീക്ഷ ആങ്സാന്‍ സൂ ചി ആണെന്നും ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രി ടിയോഡോറോ ലോക്സിന് പ്രസ്താവിച്ചു.എന്നാല്‍ രാജ്യത്തെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത സൈന്യവുമായി ചര്‍ച്ച നടത്താനുള്ള ആസിയാന്‍ രാജ്യങ്ങളുടെ ശ്രമത്തെ വിമര്‍ശിക്കുകയാണ് ജനകീയ പ്രക്ഷോഭകര്‍.സൈനിക ഭരണം, വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പോംവഴികളൊന്നും മ്യാന്മറിലെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് അവര്‍ പറയുന്നത്.
ആങ് സാന്‍ സൂചി അധികാരത്തില്‍ തിരിച്ചെത്തിക്കും വരെ പോരാടുമെന്നാണ് അവരുടെ ദൃഢനിശ്ചയം.സൈനിക അട്ടിമറിക്ക് ശേഷം 25 മാദ്ധ്യമപ്രവര്‍ത്തകരടക്കം രാജ്യത്ത് 1,200 ഓളം പേര് അറസ്റ്റിലായെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അറുപതോളം രാഷ്ട്രീയ പ്രതിനിധികളും തടവിലാണെന്നാണ് വിവരം. സൈന്യം തടവിലാക്കി തടങ്കലിലായ ആങ്സാന്‍ സൂ ചിക്കെതിരെ കൂടുതല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ കഴിഞ്ഞദിവസം ചുമത്തിയിരുന്നു.സൈനിക വിരുദ്ധ പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ യങ്കൂണില് പൊലീസ് വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചു.
പ്രകടനങ്ങള്‍ക്കെതിരെ ശക്തമായി നീങ്ങാനാണ് മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ നീക്കം. പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും മനുഷ്യകവചം സൃഷ്ടിച്ച് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മുന്നേറുകയാണ്.
പ്രതിഷേധങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.വടക്കുപടിഞ്ഞാറന്‍ പട്ടണമായ കാലെയില് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇരുപതിലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മ്യാന്മറിലെ സൈനിക അട്ടിമറിയെ കാനഡ, ബ്രിട്ടന്, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.നിരായുധരായ ആളുകളെ കൊന്നൊടുക്കുകയും മാദ്ധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും അന്യായമായി തടവിലാക്കുകയും ചെയ്യുന്ന മ്യാന്മരിലെ സൈനിക ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും അമേരിക്ക.
മ്യാന്മറിലെ പട്ടാള ഭരണത്തിന്റെ അക്രമങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വേണ്ടി വന്നാല്‍ മ്യാന്മറില് സൈനിക നടപടികള്‍ക്ക് പോലും മടിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.