നയ്പിറ്റോ: മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് എന്‍എല്‍ഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാന്‍ താര് മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.സൈന്യവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈന്യം ഇടപെടല്‍ നടത്തിയത്.ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന് മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ മ്യാന്മറില് പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്ഷത്തേക്കാളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നാണ് നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ പട്ടാളം സൂചന നല്‍കിയിരുന്നു.ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്.
