മോഷണത്തിന് തടയിടാന്‍ പോലീസിനൊപ്പം വ്യാപാരികളും

Top News

പയ്യന്നൂര്‍: കനത്ത മഴയുടെ മറവിലിറങ്ങുന്ന മോഷ്ടാക്കള്‍ക്ക് തടയിടാന്‍ പയ്യന്നൂരിലെ പോലീസും വ്യാപാരികളും കൈകോര്‍ക്കുന്നു. പയ്യന്നൂരിലെ മര്‍ച്ചന്‍റ് യൂത്ത് വിംഗ് പ്രവര്‍ത്തകരാണ് പോലീസിനൊപ്പം രാത്രിയില്‍ നഗരത്തിന്‍റെ കാവല്‍ക്കാരാകുന്നത്.കോരിച്ചൊരിയുന്ന മഴ അനുകൂല ഘടകമാക്കിയാണ് മോഷ്ടാക്കള്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്താറുള്ളത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് മര്‍ച്ചന്‍റ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പോലീസിനൊപ്പം നൈറ്റ് പട്രോളിംഗ് നടത്തുന്നത്.
മര്‍ച്ചന്‍റ് യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ വാഹനമാണ് ഉപയോഗിക്കുന്നത്. ഇതിനായി മേലധികാരികള്‍ പോലീസിനേയും വിട്ടുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ 15 ദിവസമായി യൂത്ത് വിംഗിന്‍റെ പ്രവര്‍ത്തകര്‍ മാറിമാറി കര്‍മരംഗത്തുണ്ട്. രാത്രി പത്തരമുതല്‍ പുലര്‍ച്ചെ മൂന്നരവരെ ഇവര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരത്തിനും കാവലാളാകും. കൊറ്റി, കേളോത്ത്,പയ്യന്നൂര്‍ ടൗണ്‍, മാവിച്ചേരി, കണ്ടങ്കാളി, കണ്ടോത്ത്, പെരുമ്പ തുടങ്ങിയ പ്രദേശങ്ങള്‍ ഇവരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. വ്യാപാര മേഖലയിലുള്ളതിനാല്‍ അസമയത്ത് കാണുന്ന നാട്ടുകാരെ ഇവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *