മോഫിയയുടെ മരണത്തില്‍ സി ഐ സുധീറിന് സസ്പെന്‍ഷന്‍

Kerala

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെന്‍ഷന്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് വകുപ്പ് തല അന്വേഷണത്തിന്‍റെ ചുമതല.
ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് സി ഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഡി ജി പിയുടെ ഓര്‍ഡര്‍ ഇറങ്ങുന്നത്.
സ്ഥലംമാറ്റത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെതുടര്‍ന്ന് സുധീറിനെ ആലുവയില്‍ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥന്‍റെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനക്കുകയായിരുന്നു.
സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിവന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഡി ജി പിയുടെ നടപടി.ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ മോഫിയയെ സി ഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭര്‍ത്താവിനും ഭര്‍ത്തൃ വീട്ടുകാര്‍ക്കുമെതിരെ മോഫിയ ആത്മഹത്യാ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ സി ഐ സുധീറിനെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.
മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍ത്തൃമാതാവ് റുഖിയ (55), ഭര്‍ത്തൃപിതാവ് യൂസഫ് (63) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടും സി ഐക്കെതിരെ നടപടിയൊന്നും വരാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *