കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. വൈകിട്ട് കോടതിയില്‍ ഹാജരാക്കും. അതേസമയം മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന സി ഐ സുധീറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്കാന് എത്തിയ മോഫിയയോട് സി ഐ മോശമായി പെരുമാറിയെന്നാണ് ആരോപണം. മോഫിയയുടെ പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും.
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ അനുഭവിച്ചിരുന്നത് കടുത്ത പീഡനങ്ങളായിരുന്നുവെന്ന് സുഹൃത്ത് ജോവിന് വെളിപ്പെടുത്തി.സുഹൈല്‍ ഒരു ജോലിക്കും പോകില്ല, മാനസികമായും ശാരീരികമായും മോഫിയയെ ഉപദ്രവിച്ചിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ഒരുവിധം എല്ലാ വിഷമങ്ങളും അവള് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോവിന് പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മോഫിയയുടെ സഹപാഠിയുമാണ് ജോവിന്. പലതും വീട്ടില്‍ അറിയിക്കുമെന്ന അവസ്ഥ വന്നതോടെയാണ് മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചു തുടങ്ങിയത്. സുഹൈലിന്റെ മാതാപിതാക്കളും മോഫിയയെ പല തരത്തിലും ദ്രോഹിച്ചിട്ടുണ്ട്.
വിവാഹത്തിന് മുമ്പ് സുഹൈലിന് ജോലി ഗള്‍ഫിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹത്തിന് ശേഷം ഇനി തിരികെ ഗള്‍ഫിലേക്കില്ലെന്നും സിനിമയിലേക്ക് ഇറങ്ങുകയാണെന്നും തിരക്കഥ മനസിലുണ്ടെന്നുമൊക്കെ പറഞ്ഞാണ് മോഫിയയെ വിശ്വസിപ്പിച്ചിരുന്നത്.
പക്ഷേ, ഒന്നും ചെയ്യാതെ മൊബൈലില്‍ ആയിരുന്നു മുഴുവന്‍ സമയവും. മോഫിയ അത് ചോദ്യം ചെയ്ത് തുടങ്ങിയതോടെ അവളോട് ദേഷ്യമായി. പിന്നീട് ശാരീരിക ഉപദ്രവവും തുടങ്ങി. സുഹൈലിന്റെ വീട്ടുകാരും അവളോട് മോശമായാണ് പെരുമാറി കൊണ്ടിരുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ പലവട്ടം അവളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അത് അവളെ ഒരുപാട് തളര്‍ത്തി.
സുഹൈല്‍ പറയുന്ന ശരീരഭാഗങ്ങളിലെല്ലാം പച്ച കുത്താനും നിര്‍ബന്ധിക്കുമായിരുന്നു. അതുപോലെ, പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. എല്ലാം എതിര്‍ത്തതോടെ അവളെ മാനസിക രോഗിയായി നാട്ടിലും വീട്ടിലും ചിത്രീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത് അവളുടെ കൂടെ അവരെങ്കിലും നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
അവരൊന്ന് അവളെ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കൊപ്പം അവളും ഇന്നും ക്ലാസില്‍ ഉണ്ടാകുമായിരുന്നുവെന്നും ജോവിന് പറഞ്ഞു.
