ന്യൂഡല്‍ഹി: യുക്രെയ്നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.ഇതിനുപുറമെ, പാകിസ്താന്‍, ടുണീഷ്യ, നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി തിരികെ നാട്ടിലെത്തിയിരുന്നു.റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പോള്‍ട്ടോവയിലെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ ആരംഭിച്ചിരുന്നു. മാനുഷിക ഇടനാഴി വഴി ഒഴിപ്പിച്ച ഇവരോടൊപ്പം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കീവ്, ചെര്‍ണീവ്, സുമി, ഖാര്‍കീവ്, മാരിയുപോള്‍ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
സുമിയില്‍ നിന്നും 12 ബസുകളിലായി പോള്‍ട്ടോവയിലേയ്ക്ക് പുറപ്പെട്ടവരോടൊപ്പം ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശികളും, നേപ്പാള്‍, ടുണീഷ്യ പൗരന്മാരും ഉണ്ടായിരുന്നു. 694 ഇന്ത്യന്‍ പൗരന്മാരായിരുന്നു സുമിയില്‍ ഒഴിപ്പിക്കലിനായി ഇന്നലെ കാത്തിരുന്നത്.
ഇന്നും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇവര്‍ ഇന്ന് തന്നെ പോള്‍ട്ടോവയിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.