ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പുരസ്കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമാണ്. രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. രാജ്യത്തിന്‍റെ കാവല്‍ക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരം ക്രൂരതകള്‍ സംഭവിക്കുന്നതില്‍ വേദനയുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്ന പുരസ്കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വെച്ച് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.