ന്യൂഡല്‍ഹി: മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നരേന്ദ്ര മോദിക്ക് ഒമാന്‍, ഖത്തര്‍ ഭരണാധികാരികള്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
തിരിച്ച് ഒമാന്‍ സുല്‍ത്താനും ഖത്തര്‍ അമീറിനും അവിടങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മോദിയെ ടെലിഫോണിലൂടെ അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. തന്‍റെ ഖത്തര്‍ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി അമീറിനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചു.
ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ഒമാന്‍ സുല്‍ത്താന്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യ-ഒമാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, സമൂഹ മാധ്യമമായ ‘എക്സ്’ ഉടമയും ടെസ്ല മോട്ടോഴ്സ് സി.ഇ.ഒയുമായ ഇലോണ്‍ മസ്ക്, അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, യുഗാണ്ട പ്രസിഡന്‍റ് യോവേരി കെ മുസെവേനി, സ്ലൊവേനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലോബ് തുടങ്ങിയവരും മോദിയെ അഭിനന്ദിച്ചു.